Monday, October 20, 2008

മനസ്സിലെ കണ്ണന്‍
അനന്തയാമങ്ങള്‍ അനാദിസാഗരം
അടിഞ്ഞ ശംഖിലെന്‍ വിളര്‍ത്ത മാനസം
"അമ്മേ" യെന്നൊരിളം കുഞ്ഞിന്‍ വിളി-
യെന്നുള്‍ക്കാതില്‍ നേര്‍ത്ത്‌ നേര്‍ത്തണയുന്നു..
നെഞ്ചിലെ വാത്സല്യതേനുകളത്രയും
തുമ്പപൂവുകളായി വിരിയുന്നു.
"കണ്ണാ" എന്നു വിളിക്കുവാരികി-
ലണച്ചാ കണ്ണിലൊരുമ്മ കൊടുക്കുവാന്‍
സങ്കല്‍പ്പത്തിന്‍ പീലികള്‍ ചെമ്പന്‍-
തലമുടിയില്‍ തിരുകിയാ പുഞ്ചിരികാണുവാന്‍
ഒറ്റപ്പെടലിണ്റ്റെ പുഴകളീല്‍ കണ്ണാ
പച്ചത്തുരുത്തായ്‌ നീ വരുന്നതും കാത്തമ്മ
പാലും വെണ്ണയുമില്ലാതുള്ളിലെ
മണ്‍കലമൊക്കെയൊഴിഞ്ഞു കിടപ്പൂ...
വരിക"കുഞ്ഞേയെന്‍ ദുരിതയാമങ്ങളില്‍
ഒരു മണ്‍ചെരാതിണ്റ്റെ വ്രണിതപ്രകാശമായ്‌
ഇരുളിണ്റ്റെ മുനയൊടിച്ചീയമ്മതന്‍ നെഞ്ചില്‍
നിഴലുപോല്‍മാറാതെയനുയാത്ര ചെയ്യുവാന്‍
മനസ്സിലെന്‍ കണ്ണന്‍ പാറിനടക്കവേ
പൈതല്‍ വേറെന്തിനു വെറുതെ-
യെന്നൊരു പൂന്താനചോദ്യമെന്നുളില്‍
മധുക്കും നൊമ്പരമായ്‌ മാറിടുമ്പോഴും
നിന്നമ്മ മൌനിയാവുന്നു.
ഈയമ്മതന്‍ മൌനം...
മൂടല്‍മഞ്ഞിനു മുകളിലെ കവിതയാവുന്നു
ലാസ്യമാകാത്ത അവ്യക്തതകള്‍
ആത്മത്യാഗത്തിണ്റ്റെ വ്യക്തതയാകുവാന്‍
ആര്‍ദ്രനായെന്‍ കണ്ണാ
നീയെന്നില്‍ പുനര്‍ജനിക്കില്ലേ.... ?

No comments: